മൂന്നാമധ്യായം
നിർവേദ മിസ്സിനെ നോക്കി. അവർക്ക് യാതൊന്നും മനസ്സിലായില്ലെങ്കിലും അവൾക്കത് ഏറെ സഹായകരമാകുമെന്ന് തോന്നിയതുകൊണ്ട് സമ്മതത്തോടെ തലയാട്ടി. ഫോട്ടോ എടുക്കാൻ നിൽക്കേണ്ട രീതികളെക്കുറിച്ച് അയാൾ അവളോട് ഒന്നും പറഞ്ഞില്ല. അവളുടെ സ്വാഭാവികമായ ചലനങ്ങൾ, നോട്ടങ്ങൾ..... അത്രമാത്രം! അത് അയാൾ പകർത്തി. ആ സമയം നിർവേദ, സ്വയം ശ്രദ്ധിക്കുകയായിരുന്നു. സാധാരണ ഒരു പുരുഷൻ അടുത്തു വരുമ്പോൾ അവൾ അനുഭവിച്ചിരുന്ന അലോസരം ഇപ്പോഴില്ല. മുറിയുടെ ചുവരുകൾക്കുള്ളിൽ എന്നപോലെ അവൾ സ്വസ്ഥതയാണ്. ആ ചിത്രങ്ങൾ കണ്ടപ്പോൾ നിർവേദയോടൊപ്പം ഷിജ മിസ്സും അതിശയപ്പെട്ടു. അവ ജീവനുള്ളവയായിരുന്നു. യാത്രപറഞ്ഞ് അയാൾ പോയി. "ട്രക്കിങ്ങിന് വരുന്നുണ്ടോ?" എന്നു ചോദിച്ച് ഒരാൾ അവർക്കടുത്തേക്ക് വന്നു. മൊട്ടക്കുന്നുകൾക്കു മുകളിലേക്ക് കയറി ചെല്ലാമെന്നും സ്വർഗമെന്നാണ് ആ ഇടത്തിനു പേരെന്നും അയാൾ പറഞ്ഞാണ് അവർ അറിഞ്ഞത്. അവിടെ നിന്ന് നോക്കിയാലാണത്രേ ശബരിമല കാണുന്നത്! പേരറിയാത്ത വേറെ നാലു മലകളും. ഷിജ മിസ്സ് അയാൾക്കു നന്ദി പറഞ്ഞ് ചിരിച്ചു. സന്ധ്യയായി തുടങ്ങിയിരുന്നു. അവർ വണ്ടിയിൽ കയറി.