രണ്ടാമധ്യായം
👩🎓 @Nirvedaa_univ:വാട്സപ്പ് ഗ്രൂപ്പിൽ നിന്നു തുടർച്ചയായി നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടപ്പോൾ നിർവേദ മൊബൈൽ എടുത്തു — College Group-ൽ നിന്നാണ്.
ഷീജ മിസ്സ് അയച്ച പുതിയ മെസേജിനോടുള്ള വിദ്യാർഥികളുടെ പ്രതികരണങ്ങളായിരുന്നു അത്.
ആ ദിവസം ഉച്ചകഴിഞ്ഞ് ക്ലാസ്സ് ഉണ്ടായിരുന്നില്ല.
കോളേജിൻ്റെ രക്ഷാധികാരി അന്തരിച്ചതിനാൽ മാനേജ്മെന്റ് സെമസ്റ്റർ ഔട്ടിംഗ് റദ്ദാക്കി.
ആ വാർത്ത ക്ലാസിൽ പറഞ്ഞപ്പോൾ കുട്ടികൾ പ്രതിഷേധിച്ചു.
“Miss, outing cancel ചെയ്യരുത്!”
“ഇത്ര നാളായി കാത്തിരുന്നതാണ്!”
“ഔട്ടിംഗ് ഇല്ലെങ്കിൽ semester ബോറാകും!”
ഷീജ മിസ്സിന് കുട്ടികളുടെ നിരാശയും ദേഷ്യവും മനസ്സിലാകുന്നുണ്ടായിരുന്നു. അവർക്കു സന്തോഷം കൊടുക്കാൻ ഒരു വഴി കണ്ടെത്തണമെന്ന ചിന്തയിലായിരുന്നു അവർ.
കുറച്ചു മണിക്കൂറുകൾക്ക് ശേഷം മിസ്സ് ഗ്രൂപ്പിൽ പുതിയ മെസേജ് അയച്ചു.
📱 Miss:
“ഹായ് ഫ്രണ്ട്സ് 👋
നാളെയും നാളെ കഴിഞ്ഞും കോളേജിന് അവധിയാണ്.
നമ്മൾ പ്ലാൻ ചെയ്തതുപോലെ സെമസ്റ്റർ ഔട്ടിംഗ് നടക്കാനാവില്ലല്ലോ.
അതിനാൽ വേണമെങ്കിൽ ചെറിയ ഗ്രൂപ്പുകളായി ഒന്ന് ട്രിപ്പ് പോയാലോ എന്ന് ചിന്തിക്കൂ.
പോകുന്ന ഇടവും ഗ്രൂപ്പംഗങ്ങളുടെ പേരും എന്നെ അറിയിക്കണം.”
അതിനുശേഷമുള്ള ബഹളങ്ങളാണ് നിർവേദ കേട്ടത്.
Asha: “Wow miss, good idea! 🌸”
Fathima: “മീശപ്പുലിമല ⛰️”
Sneha: “ഹൗസ്ബോട്ട്! 💚”
Jithin: “ഗവി🔥”
Neeraj: “Trekking 🌅”
പ്ലാനുകൾ വന്നുകൊണ്ടേയിരുന്നു.
മിനിറ്റുകൾകൊണ്ട് ഗ്രൂപ്പ് ലിസ്റ്റ് തയ്യാറായി.
- ഗ്രൂപ്പ് 1: മൂന്നാർ
- ഗ്രൂപ്പ് 2: വാഗമൺ
- ഗ്രൂപ്പ് 3: കുമരകം
- ഗ്രൂപ്പ് 4: കന്യാകുമാരി
നിർവേദ അഭിപ്രായം പറയാനൊന്നും പോയില്ല. താൻ ഏതു ഗ്രൂപ്പിലാണ് എന്നറിയാൻ അവൾ ഗ്രൂപ്പ് ലിസ്റ്റ് നോക്കി. അതിൽ അവളുടെ പേരുണ്ടായിരുന്നില്ല.
"എൻ്റെ പേര് കണ്ടില്ല" എന്ന് അവൾ ടൈപ്പ് ചെയ്തതായിരുന്നു. പിന്നെ, അതുവേണ്ടെന്നു തോന്നി.
ആരും, തന്നെ ഒഴിവാക്കിയതല്ല എന്ന് അവൾക്കറിയാം. പക്ഷേ,.... തന്നെ ഉൾപ്പെടുത്താൻ ആരും ഓർമിച്ചില്ല എന്നത് നേരായിരുന്നു! ക്ലാസ്സിലെ നാലു ഗ്രൂപ്പുകളിൽ ഒന്നിലും അവളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഓർക്കാതെപോയതിൽ അവൾക്കു സങ്കടം തോന്നിയില്ല.
group-ൽ മിസ്സിൻ്റെ മെസ്സേജ്:
“നിങ്ങൾ 22 പേരല്ലേ? ഇവിടെ 21 പേരേ കാണാനുള്ളു. ഒരാൾ missing ആണല്ലോ?”
നിർവേദ എഴുതി:
“മിസ്സ്, എൻ്റെ പേരാണില്ലാത്തത്. വരുന്നില്ലെന്ന് ഞാൻ പറഞ്ഞായിരുന്നു."
ഷീജമിസ്സ് "Ok" എന്ന് ടൈപ്പു ചെയ്യാൻ തുടങ്ങുമ്പോഴാണ് രണ്ടു വർഷം മുമ്പുള്ള ഒരു സംഭവം അവരുടെ ഓർമയിൽ വന്നത്. സ്നേഹയുടെ അമ്മ മരിച്ചപ്പോൾ എല്ലാവരും അടക്കിനു പോകാൻ തയ്യാറെടുക്കുകയായിരുന്നു.
കുട്ടികളുടെ തന്നെ കാറിലും ബൈക്കിലുമൊക്കെയായി പോകാനായിരുന്നു പ്ലാൻ. അന്ന് ലിസ്റ്റെടുത്തപ്പോൾ ഒരാളുടെ പേരുണ്ടായിരുന്നില്ല.
ചോദിച്ചപ്പോൾ, " ഞാൻ വരുന്നില്ലെന്നു പറഞ്ഞായിരുന്നു"വെന്ന് നിർവേദ പറഞ്ഞത് അവരോർത്തു. വണ്ടിയിൽ ഇടമില്ലാതിരുന്നതുകൊണ്ട് താനും നിർബന്ധിച്ചിരുന്നില്ല.
ഈ കുട്ടി എന്തായിരിക്കും ഇങ്ങനെ....?
"എന്തുകൊണ്ടാണ് നീ ട്രിപ്പിനു പോകാത്തത്?" എന്നു ചോദിച്ച് ഷീജ, നിർവേദയ്ക്ക് മെസ്സേജയച്ചു
മിസ്സിൻ്റെ മെസ്സേജ് വായിച്ചപ്പോൾ നിർവേദയ്ക്ക് നെഞ്ചിലൊരു വിങ്ങൽ തോന്നി. മറുപടിയായി എന്തുപറയണമെന്ന് അവൾക്കറിയില്ലായിരുന്നു. എനിക്ക് വയ്യ', 'പേഴ്സണൽ കാരണങ്ങൾ' എന്നൊക്കെ പലതും എഴുതി. പിന്നെ മായിച്ചു. കളവ് പറയാൻ അവളുടെ മനസ്സ് അനുവദിച്ചില്ല. ഒടുവിൽ, സത്യം നേരിയൊരു ഭയത്തോടെ അവൾ ടൈപ്പ് ചെയ്തു.
👩🎓 @Nirvedaa_univ:
“മിസ്... ഞാൻ വരുന്നില്ലെന്ന് പറഞ്ഞത് ആരും എന്നെ പ്രതീക്ഷിക്കുന്നില്ല എന്നു തോന്നിയതുകൊണ്ടാണ്...... ഇതിനുമുമ്പും എൻ്റെ പേര് മറന്നുപോയിട്ടുണ്ട്.... ഞാൻ ഇല്ലെന്ന് അറിയാതിരുന്നിട്ടുണ്ട്.....
അല്പം കഴിഞ്ഞ് ഫോൺ ബെല്ലടിച്ചു.
📞 Sheeja Miss Calling
നിർവേദ അൽപം അമ്പരന്നു. പിന്നെ ഫോൺ എടുത്തു
നിർവേദ: "മിസ്സേ...."
ഷീജമിസ്സ്: "നിർവേദാ, നാളെ നമുക്കൊരു യാത്ര പോയാലോ? ഇടുക്കിയിലേക്ക്? ഞാനും നീയും മാത്രം!"
അതുകേട്ട് നിർവേദയുടെ കണ്ണു നിറഞ്ഞു. ആദ്യമായി ഒരാൾ തന്നെ യാത്രയ്ക്കു ക്ഷണിച്ചിരിക്കുന്നു.....“പോവാം, മിസ്സേ...” നിർവേദയുടെ ചുണ്ടിൽ വാക്കുകൾ ഉടക്കിനിന്നു.
Comments